ന്യൂഡൽഹി: ആഗോളതലത്തിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനായി നിലകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുംഗുമായി ന്യൂഡൽഹിയിൽ നടത്തിയ ഉന്നതതല ചർച്ചയ്ക്കുശേഷം നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 2700 കോടി ഡോളറിലുള്ള ഉഭയകക്ഷി വ്യാപാരം 2030ഓടെ 5000 കോടി ഡോളറിലേക്ക് ഉയർത്താൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ഇതിനായി ഇന്ത്യ- ദക്ഷിണ കൊറിയ ഫിനാൻഷൽ ഫോറം, ഇൻഡസ്ട്രിയൽ കോ-ഓപ്പറേഷൻ കമ്മിറ്റി എന്നീ പുതിയ പ്ലാറ്റ്ഫോമുകൾക്ക് രൂപംനൽകി.
സാങ്കേതികവിദ്യ, വിതരണശൃംഖല എന്നിവയിലെ സഹകരണം ഉറപ്പാക്കാൻ ഇക്കണോമിക് സെക്യൂരിറ്റി ഡയലോഗ് ആരംഭിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
കൊറിയൻ കന്പനികൾക്ക്, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത് എളുപ്പമാക്കാൻ പ്രത്യേക കൊറിയൻ ഇൻഡസ്ട്രിയൽ ടൗണ്‍ഷിപ്പുകൾ സ്ഥാപിക്കും. നിലവിലുള്ള വ്യാപാര കരാർ അടുത്ത വർഷത്തിനുള്ളിൽ പുതുക്കുമെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ മോദി അറിയിച്ചു.
ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ സോളാർ അലയൻസ്, ഇന്തോ-പസഫിക് ഓഷ്യൻ ഇനിഷ്യേറ്റീവ് തുടങ്ങിയവയിൽ ചേരാനുള്ള ദക്ഷിണ കൊറിയയുടെ തീരുമാനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
2047ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ദക്ഷിണ കൊറിയ പ്രധാന പങ്കാളിയാണെന്നും മോദി കൂട്ടിച്ചേർത്തു.